കാര്‍ ഒരു മുരള്‍ച്ചയോടെ നിന്നു . ഞാന്‍ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി . ഷൂ ചരലില്‍ അമര്‍ന്നു . ഞാന്‍ എന്റെ പ്രിയപ്പെട്ട കലാലയം ലകഷ്യമാക്കി നടന്നു. ആകാശത്തില്‍ മേഘം ഉരുണ്ടുകൂടുന്നു . ഒരു മഴക്കുള്ള കോളുണ്ട് . അകലെ ക്ഷീണിതനായ സൂര്യന്‍ തന്റെ സവാരിയുടെ അന്ത്യത്തിലേക്ക് അടുക്കുന്നു. ദൂരെ ആ വൃദ്ധനായ ആല്‍മരം കാണാം . എത്രയോ തലമുറകളുടെ പരിചയക്കാരന്‍ . നടന്നു ആ പഴയ കൂട്ടുകാരന്റെ അടുത്തെത്തി .ആ മുത്തച്ചന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല . വേരുകള്‍ പിണഞ്ഞു കിടക്കുന്നു . ഇലകള്‍ക്ക് നേരിയ ചന്ജാട്ടം . ഈ പഴയ കൂട്ടുകാരനെ മനസ്സിലായോ എന്തോ ? വേരുകള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നു . ഞാന്‍ അത് കൈയിലെടുത്തു. ചുവന്ന രണ്ടു കുപ്പിവളപ്പൊട്ടുകള്‍ .
ആ വളപ്പൊട്ടുകള്‍ എന്റെ മനസ്സിനെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു പിന്നോട്ട് നയിച്ചു .
എന്റെ പ്രീ ഡിഗ്രീ കാലം.(പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല ) കെമിസ്ട്രി ലാബില്‍ എല്ലാവരും ഓരോ ടെസ്റ്റ് ടുബും എടുത്തു ചുറ്റുന്നു . ഉച്ചക്ക് ശേഷം ആയതിനാല്‍ ചിലര്‍ ബെന്ചില്‍ കിടന്നു ഉറങ്ങുന്നു . മാഷ് ഞങ്ങളെ ഇരുപതു പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പ് ആക്കി തിരിചിട്ടുണ്ടായിരുന്നു . ആദ്യത്തെ ഇരുപതുപേര്‍, തങ്ങള്‍ വല്ല പുതിയ എന്തെങ്കിലും കണ്ടുപിടിച്ചു കളയും എന്ന ഭാവത്തോടെ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുന്നു . ബാക്കി പാതി പേര്‍ തങ്ങളുടെ ഊഴവും കാത്തു ബെന്ചില്‍ ഇരിക്കുന്നു. ഞാന്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ ആണ്. തലേന്ന് രാത്രി സെക്കന്റ് ഷോ കാണാന്‍ പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്നു മയങ്ങുകയായിരുന്നു ഞാന്‍ . പെട്ടന്നാണ് എന്തോ വീണു ഉടയുന്നതിന്റെയും , ആരോ അലറിക്കരയുന്നതിന്റെയും ശബ്ദം കേട്ടത് . ഞാന്‍ ഞെട്ടിയുണര്‍ന്നു . വല്ല ഭൂകമ്പവും ആണോ ?എല്ലാവരും ഓടുന്നതിന്റെ പിന്നാലെ ഞാനും ഓടി. ലാബിന്റെ ഒരറ്റത്ത് ഒരാള്‍ക്കൂട്ടം . ഞാന്‍ നുഴഞ്ഞു കയറി . (കശ്മീരില്‍ തീവ്രവാദികള്‍ ഇടക്കിടെ വരുന്നതു കൊണ്ടു വാക്കുകള്‍ക്കു പഞ്ഞമില്ല ) നടുക്ക് ഒരു പെണ്ണിരുന്നു കരയുന്നു .
എന്റെ ക്ലാസ്സിലെ പെണ്കുട്ടി കരയുന്നോ? ഞാന്‍ ആളുകളെ തള്ളി മാറ്റി മുന്നോട്ടു ചെന്നു. അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയില്‍ പെട്ടത് .താഴെ ഗ്ലാസ് ഉടഞ്ഞു കിടക്കുന്നു. അതില്‍ നിന്നു ഏതോ ഒരു ദ്രാവകം പുറത്തേക്ക് പരന്നു കിടക്കുന്നു . ആസിഡിന്റെ രൂക്ഷഗന്ധം . അവളുടെ കാലിന്റെ പെരുവിരലിന്റെ നഖത്തില്‍ ആസിഡ് വീണിട്ടുണ്ട് . ഞാന്‍ അവിടെ ഉണ്ടായിരുന്ന ടാപ്പില്‍ നിന്നു വെള്ളമെടുത്തു അവളുടെ കാലിലെക്കൊഴിച്ചു . ബാക്കി വെള്ളം ഞാന്‍ നിലത്ത്തൊഴിച്ചു . കൂട്ടുകാരികള്‍ അവളെ ബെന്ചിനരികിലേക്ക് കൊണ്ടു പോയി .
അതായിരുന്നു സോഫിയ . ആ സംഭവത്തിനു ശേഷമാണു ഞാനവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് . അവളെ ക്ലാസ്സില്‍ മുന്പ് കണ്ടിരുന്നെന്കിലും അവളെ കുറിച്ചു കൂടുതലൊന്നും അറിഞ്ഞിരുന്നില്ല . കൂടാതെ അവളും അച്ചടക്കമുള്ള കുട്ടിയായിരുന്നു ( എന്നെപ്പോലെ). തട്ടമിട്ടും മൈലാഞ്ചി അണിഞ്ഞും അവള്‍ വന്നു .
എനിക്ക് പണ്ടേ പെണ്‍കുട്ടികളെ പഞ്ചാരയടിച്ചു നടക്കാന്‍ താല്പര്യമില്ല . ഡെസ്കില്‍ കയ്യൂന്നി അപ്പുറവും ഇപ്പുറവും ഇരുന്നു കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന കാമുകീ കമുകന്മാരോട് എനിക്ക് വെറുപ്പായിരുന്നു . എന്നാല്‍ സോഫിയയുമായി അടുത്തത് മുതല്‍ കുട്ടികള്‍ എന്നെ കളിയാക്കാനും തുടങ്ങി . മൌനം വിദ്വാനു ഭൂഷണം ആയതുകൊണ്ട് ഞാന്‍ അവരോട് ഒന്നും പറഞ്ഞതുമില്ല . അങ്ങനെ പ്രീ ഡിഗ്രീ ഒന്നാം വര്ഷം നാലാം മാസം മുതല്‍ ഞാനും ഒരു കാമുകനായി മാറി .
അവളുടെ കയ്യില്‍ നല്ല കുപ്പിവളകള്‍ ഉണ്ടാകുമായിരുന്നു എപ്പോഴും . ഞാന്‍ കുറെ വാങ്ങിക്കൊടുക്കുകയും ചെയ്തു. കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ ആയിരുന്നു അവളുടെ ചിരി . അങ്ങനെ അങ്ങനെ ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു .
ഞങ്ങള്‍ക്കിടയിലും ഒരു വില്ലന്‍ ഉണ്ടായി . സാജന്‍ .( സാജന്‍ കുരുവിള എന്ന് കിടക്കട്ടെ. വില്ലന്‍ ആകുമ്പോള്‍ കുറച്ചു കനം വേണ്ടേ ...) എന്റെ കൈയ്യില്‍ നിന്നു സോഫിയയെ തട്ടിയെടുക്കുക എന്നതായിരുന്നു അവന്റെ മിഷന്‍ . ഞാന്‍ പക്ഷെ അനുവദിച്ചില്ല . ഒരിക്കല്‍ അവന്‍ സോഫിയയുടെ കൈയ്യില്‍ കേറി പിടിച്ചു . കുപ്പിവളകള്‍ നുറുങ്ങി . ഞാന്‍ ഓടി എത്തി . പിന്നെ അവിടെ ഒരു പോരാട്ടമായിരുന്നു . അവസാനം തറയില്‍ ചോരയൊലിപ്പിച്ചു കിടന്നെ എന്നെ കുട്ടികള്‍ എടുത്തു ക്ലാസ്സിലെതിച്ചു . ചോര കണ്ടപ്പോള്‍ സാജനും ഭയന്നതായി തോന്നി . ടെസ്റ്റില്‍ ദ്രാവിഡിന് നേരെ പന്തെറിയുന്ന ബോല്ലെരുടെ ഭാവമായിരുന്നു അവന് . ആ പോരാട്ടതോടെ ഞാനും എന്റെ പ്രേമവും , പിന്നെ സാജനും കോളേജില്‍ ഫേമസ് ആയി .
ഞങ്ങളുടെ കോളേജില്‍ എന്റെ വീടിനടുത്ത് നിന്നു വരുന്ന ഒരു മാഷും ഉണ്ടായിരുന്നു . ആ മാഷ് മുഖേനെ സംഭവം എന്റെ വീട്ടിലും അറിഞ്ഞു . പിന്നെ ഒരു കോലാഹലമായിരുന്നു . "മുട്ടയില്‍ നിന്നു വിരിയുംബോഴേ കുട്ടികള്‍ ക്ക് പ്രേമം ." അതായിരുന്നു കേട്ടവര്‍ പറഞ്ഞതു . അങ്ങനെ ഒരു പ്രേമം എല്ലാവരും ചേര്ന്നു പൊട്ടിച്ചു .
കാറിന്റെ ഹോണ്‍ ശബ്ദം എന്നെ ചിന്തയില്‍ നിന്നു ഉണര്‍ത്തി . ഭാര്യയാണ് . ഞാന്‍ മെല്ലെ ക്ലാസ്സ് റൂമിലേക്ക് കയറി . ഏപ്രില്‍ മാസമായതിനാല്‍ എങ്ങും വിജനമാണ് . ചുവരില്‍ ഒരു മൂലയിലേക്ക് എന്റെ കണ്ണ് പാഞ്ഞു .
അവിടെ മങ്ങിയ അക്ഷരങ്ങള്‍ എന്റെ മുന്നില്‍ തെളിഞ്ഞു ." മനു + സോഫിയ "
സാജന്റെ വിരുതാണ് . അവളെ കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങളെകുറിച്ചു നോട്ടീസ് അടിക്കുകയായിരുന്നു അവന്റെ പ്രധാന ജോലി . അടുത്ത കാലത്തു സാജനെ കണ്ടു , പഴയ കാര്യങ്ങള്‍ പറഞ്ഞു അവന്‍ സോറി പറഞ്ഞു .
വീണ്ടും ഹോണ്‍ . ഞാന്‍ പുറത്തേക്കിറങ്ങി . അപ്പോഴേക്കും നേരിയ മഴ തുടങ്ങിയിരുന്നു .പൂന്തോട്ടത്തില്‍ ഒരു റോസ് എന്നെ നോക്കി ചിരിച്ചു , ഞാന്‍ അത് പൊട്ടിച്ചെടുത്ത്കൈയ്യില്‍ വെച്ചു . കാറിന്റെ ഫ്രന്റ് ഡോര്‍ തുറന്നു വളപ്പൊട്ടുകള്‍ സീടിലെക്കിട്ടു. ഡോര്‍ അടച്ചു തിരിഞ്ഞു നിന്നു ആ റോസ് എന്റെ ഭാര്യയുടെ നേരെ നീട്ടി . സോഫിയയുടെ കൈയ്യിലേക്ക് ...........................
Wednesday, April 8, 2009
Subscribe to:
Comments (Atom)