Thursday, August 13, 2009

ഒരു ബസ്സ് യാത്ര

ജൂലൈ , ചെന്നൈയില്‍ ചെറുതായി മഴ തുടങ്ങി വൈകുന്നേരങ്ങളില്‍. ചൂടു കുറവുണ്ട് ഇപ്പോള്‍ . എങ്കിലും രാമപുരത്തില്‍ നിന്നും ഡി എം എസ് വരെ ഉള്ള ബസ്സ് യാത്ര ചിലപ്പോഴൊക്കെ വിഷമകരമാകാറുണ്ട് , അങ്ങനെയുള്ള ഒരു യാത്ര ....

രാവിലെ ബാഗും എടുത്തു വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ സമയം ഒന്‍പതു . കുഴപ്പമില്ല . ഒരു മണിക്കൂര്‍ കൊണ്ടു ഓഫീസില്‍ എത്താം. എങ്കിലും ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടന്നു .സ്റൊപ്പിലെക്കെത്തുമ്പോള്‍ തന്നെ ഹൈ കോര്ടിലെക്കുള്ള ഒരു ബസ്സ് എന്റെ അടുത്ത് വന്നു നിര്ത്തി . സമാധാനം , അത്ര തിരക്കൊന്നും തോന്നുന്നില്ല. ഞാന്‍ അതില്‍ വലിഞ്ഞു കയറി.
ഉള്ളിലെതിയപ്പോള്‍ പുറത്തു നിന്നു കണ്ടത് പോലെ അല്ല . നല്ല തിരക്കാണ് .ഞാന്‍ ചുറ്റുമൊന്നു നോക്കി , എവിടെ ... കാലി സീറ്റ് പോയിട്ട് ആരും അടുത്തൊന്നും ഇറങ്ങാനും ഉദ്ദേശമില്ല . എന്റെ മുന്നില്‍ ഒരാള്‍ വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന , അയാള്‍ തന്റെ തോര്‍ത്തെടുത്ത്‌ മുഖവും കൈകളും തുടച്ചു തോര്‍ത്ത്‌ ചുമലിലെക്കിട്ടു. തോര്തിന്റെ അറ്റം കറക്റ്റ് എന്റെ മുഖത്ത് .ഒരു വൃത്തികെട്ട നാറ്റം .പിന്നെ അയാളുടെ തോര്‍ത്ത്‌ പ്രയോഗത്തില്‍ നിന്നു ഞാന്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു .ഒരു കളരിക്കാരന്റെ വൈഭവത്തോടെ , ചുമ്മാതല്ല നമ്മള്‍ മലബാരുകാരനല്ലോ .അതിന്റെ ഒരു ഇതു കാണും .
അവസാനം എങ്ങനെ ഒക്കെയോ ഗിണ്ടി എത്തി. അവിടെ നിന്നു ഒരു ഒഴുക്കായിരുന്നു ബസ്സിലേക്ക് , ഞാന്‍ മെല്ലെ തോര്തുകാരന്റെ കയ്യില്‍ നിന്നും രക്ഷപെട്ടു മുന്നോട്ടു പോയി , അവിടെ സീറ്റില്‍ ഒരു സ്ത്രീ തന്റെ സഞ്ചിയില്‍ നിന്നു ഓരോ പൂക്കള്‍ എടുത്ത് മുല്ലപ്പൂ കെട്ടുകയാണ് .അതുവരെ ശ്വാസം പിടിച്ചു നിന്ന ഞാന്‍ ഒന്നു ആഞ്ഞു ശ്വസിച്ചു .എന്തോ ഇപ്പോഴത്തെ മുല്ലക്കൊന്നും മണവും ഇല്ലേ? തൊട്ടടുത്ത സീറ്റില്‍ ഒരു സഞ്ചിയില്‍ രണ്ടു മൂന്നു പാത്രങ്ങളുമായി ഒരു കൊച്ചു പെണ്കുട്ടി ഇരിക്കുന്നുണ്ട്‌. പതിമൂന്നു പതിനാലു വയസ്സ് കാണും.

സൈദപെട് എത്തിയപ്പോള്‍ ഒരു കുഞ്ഞുമായി ഒരു സ്ത്രീ എന്റെ മുന്നിലെത്തി . അവര്‍ എങ്ങനെ ഈ തിരക്കില്‍ ഇവിടെ വരെ എത്തി ? "സര്‍ കൊണ്ജം ഉള്ളെ പൊന്ഗെ" ,ആരോ പിന്നില്‍ നിന്നും വിളിച്ചു പറയുന്നു , എന്നോടാണോ? തിരിഞ്ഞു നോക്കാനും പറ്റുന്നില്ല . എന്നോടാണെങ്കില്‍ പ്രിയ അണ്ണന്മാരെ നിങ്ങളോടെനിക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാല്‍ ഈ തിരക്കില്‍ ഇനിയും ഉള്ളെ പോയാല്‍ തിരിച്ചു വരാന്‍ ഞാന്‍ ഉണ്ടാകില്ല എന്നുള്ളതാണു , ഇപ്പോള്‍ തന്നെ ഏകദേശം ലെവല്‍ ആയി.

"അമ്മ കൊളന്തിയെ കൊടുന്കെ " ആ സ്ത്രീ തന്റെ കുഞ്ഞിനെ സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യിലേക്ക് കൊടുത്തു .കുഞ്ഞു കുറെ നേരം മാല കെട്ടുന്നത് നോക്കിയിരുന്നു, പിന്നെ അതിന് ബോറടിച്ചപ്പോള്‍ ഉറക്കെ കരയാന്‍ തുടങ്ങി .പെണ്കുട്ടി എഴുന്നേറ്റു കുഞ്ഞിന്റെ അമ്മക്ക് ഇരിക്കാന്‍ സ്ഥലം നല്കി കുഞ്ഞിനെ തിരിച്ചു കൊടുത്തു .മനുഷ്യന്മാരില്‍ നന്മയുടെ അംശം കുറഞ്ഞിട്ടില്ല. കരച്ചില്‍ നിന്നു . സര്‍ "ഒരു സെന്‍ട്രല്‍ ", എന്റെ നേര്‍ക്ക്‌ പത്തു രൂപ നോട്ടു നീട്ടി ആ പെണ്കുട്ടി പറഞ്ഞു , എന്നെ കണ്ടാല്‍ കണ്ടക്റെര്‍ ആണെന്ന്‍ തോന്നുമോ? ഏയ് അത് കൊണ്ടല്ല , ആരോ കൊടുതയച്ചതാണ് ടിക്കറ്റ്‌ വാങ്ങി കൊടുക്കാന്‍ . ഞാന്‍ എന്റെ രണ്ടു കയ്യിലേക്കും നോക്കി , ഒരു കയ്യില്‍ ബാഗ്‌ ,മറ്റേ കൈ മേലെ പിടിച്ചിരിക്കുകയാണ് .കാശ് വാങ്ങാന്‍ ഒരു നിവൃത്തിയും ഇല്ല .കുറെ നേരം കഴിഞ്ഞപ്പോള്‍ വേറെ ആരോ ടിക്കറ്റ്‌ വാങ്ങി കൊടുത്തു.

ബസ്സ് നന്ദനം കഴിഞു, "അയ്യോ കുഞ്ഞിന്റെ മാല കാണുന്നില്ല ". കുഞ്ഞിന്റെ അമ്മ ഉറക്കെ പുലമ്പുന്നു , പിന്നീട് ആ പെണ്‍കുട്ടിയുടെ നേരെ ചീറ്റി , "നീയല്ലേ കുഞ്ഞിനെ എടുതത്ത് , എവിടെടീ മാല " ആളുകളുടെ ശ്രദ്ധ ആ പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു. പാവം കരച്ചിലിന്റെ വക്കതെതിയിരുന്നു ,. കുഞ്ഞു അപ്പോഴേക്കും കരച്ചില്‍ നിര്ത്തി തന്റെ അമ്മയെയും ആ പെണ്‍കുട്ടിയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു . "ഞാനെടുതിട്ടില്ല , എന്നെ വിശ്വസിക്കൂ." ആ പെണ്കുട്ടി പറഞ്ഞു കൊണ്ടിരുന്നു.

ബസ്സ് ഡി എം എസ് സ്റൊപ്പ്‌ എത്താറായി . "വണ്ടി സ്റ്റേഷനിലേക്ക് വിട് ." ആരോ വിളിച്ച് പറഞ്ഞു . ഡ്രൈവര്‍ വണ്ടി നിര്ത്തിയില്ല . "ആരും ഇറങ്ങരുത് , എല്ലാവരെയും ചെക്ക് ചെയ്യണം " ഡ്രൈവര്‍ വിളിച്ച് പറഞ്ഞു , സ്റ്റോപ്പ്‌ കഴിഞ്ഞു ഒരു ഇരുനൂറു മീറെര്‍ പോയാല്‍ പോലീസ് സ്റ്റേഷന്‍ ആണ് . അവിടെ തന്നെ ആണ് വനിതാ സ്റ്റേഷന്‍ ,ബസ്സ് ഒരു ഓരം ചേര്ന്നു നിന്നു സ്റ്റേഷന് മുന്നില്‍.
ഡ്രൈവര്‍ ചാടി ഇറങ്ങി ഉള്ളിലേക്ക് ഓടി , തിരിച്ചു വന്നപ്പോള്‍ കൂടെ രണ്ടു പോലീസ് ക്കാരും ഉണ്ടായിരുന്നു. ഒന്നു വനിതാ പോലീസ് ആണ് .ഒരു തടിച്ചി, ഇവര്‍ക്കെങ്ങനെ പോലീസില്‍ ജോലി കിട്ടി ? ഓരോരുത്തരായി പുറത്തേക്കിറങ്ങി . "എല്ലാവരും അങ്ങോട്ട് മാറി നില്‍ക്ക്" സ്ത്രീകള്‍ ഒരു ഭാഗത്തേക്കും പുരുഷന്മാര്‍ വെരോരും ഭാഗത്തേക്കും നിന്നു. നമ്മുടെ തടിച്ചി ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നു ."എന്താടീ സഞ്ചിയില്‍ ?"
"സര്‍ അമ്മ ജനറല്‍ ആശുപത്രിയിലാണ് , അവര്ക്കു ഭക്ഷണം കൊണ്ടു പോകുകയാണ് " ആ പെണ്കുട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു , പാവം. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടു കരയാന്‍ തുടങ്ങിയിരുന്നു . എനിക്ക് വിഷമം തോന്നി. തടിച്ചി, പെണ്‍കുട്ടിയുടെ സഞ്ചി വാങ്ങി പരിശോധിച്ച് .അവര്‍ ഒന്നു മൂളിയതിനു ശേഷം ആ സ്ത്രീയുടെ അടുത്തെത്തി. "നിങ്ങള്‍ പറയുന്നു ആ കുട്ടിയാണ് നിങ്ങളുടെ കുഞ്ഞിന്റെ മാല എടുത്തതെന്ന് , നിങ്ങള്‍ കണ്ടോ?"
"ഇല്ല"
"നിങ്ങള്‍ കാണാതെ ഒരു കുറ്റവും ആരുടെ മേലും ഏല്‍പ്പിക്കരുത്, മനസ്സിലായോ , ഇവരെല്ലാവരും ബസ്സില്‍ ഉണ്ടായിരുന്നു , ഇവരില്‍ ആരുമാകാം എടുത്തത്‌ ,അല്ലെങ്കില്‍ നിങ്ങള്‍ ബസില്‍ കയറുമ്പോള്‍ പുറത്തു വീണതാകം നിങ്ങളുടെ ബാഗ്‌ നോക്കട്ടെ " തടിച്ചി ആ സ്ത്രീയുടെ ബാഗ്‌ വാങ്ങി , "അല്ലെങ്കില്‍ വേണ്ട , നിങ്ങള്‍ തന്നെ ഉള്ളില്‍ നോക്ക്, മറന്നു വെച്ചിട്ടുണ്ടോ എന്ന് " ആ സ്ത്രീ കുഞ്ഞിനെ മറ്റൊരാളുടെ കയ്യില്‍ കൊടുത്തു ബാഗിന്റെ സിപ്‌ തുറന്നു . ആ സ്ത്രീ അത്ഭുതം കൊണ്ടു ഉള്ളിലേക്ക് തുറിച്ചു നോക്കി . അവരുടെ മുഖ ഭാവത്തില്‍ നിന്നും എല്ലാവര്ക്കും മനസ്സിലായി ആ മാല ബാഗില്‍ ഉണ്ടെന്നു ."ഇതില്‍ ഉണ്ട് " ആ സ്ത്രീ എല്ലാവരും കേള്‍ക്കെ പറഞ്ഞു , എനിക്ക് ആശ്വാസമായി , മാല തിരിച്ചു കിട്ടിയതിനേക്കാള്‍ , ആ പെണ്കുട്ടി രക്ഷപ്പെട്ടല്ലോ .തടിചിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്താലോ , വേണ്ട , ഞാന്‍ അകത്താകും .
സമയം പതിനൊന്നു ആയെങ്കിലും ഞാന്‍ കുറച്ചു നേരം കൂടി അവിടെ തങ്ങി .
മാല തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ആ സ്ത്രീ കുഞ്ഞിനെ മറന്നോ ?തിരിഞ്ഞു നോക്കിയ സ്ത്രീ കണ്ടത് പൊട്ടിച്ചിരിച്ചു കൊണ്ടു തന്റെ കുഞ്ഞു ആ പെണ്‍കുട്ടിയുടെ കയ്യിലിരിക്കുന്നതാണ്. ആ സ്ത്രീ അതിലെ പോയ ഒരു ഓട്ടോ വിളിച്ച് പെണ്‍കുട്ടിയോട് കയറാന്‍ പറഞ്ഞു , കുഞ്ഞിനെ എടുത്തു അവരും കൂടെ കയറി " ഡ്രൈവര്‍ , ജനറല്‍ ഹോസ്പിടല്‍"




4 comments:

  1. നന്മയുടെ മറ്റൊരു മുഖം.അല്ലേല്‍ ആ പെണ്‍കുട്ടി കുറ്റവാളി ആകില്ലേ?

    ReplyDelete
  2. എടുത്തു ചാടി ആ പെണ്‍കുട്ടിയെ കുറ്റവാളിയാക്കിയിരുന്നെങ്കില്‍ കഷ്ടമായേനെ അല്ലേ? തെറ്റു തിരുത്താന്‍ അവര്‍ തയ്യാറായി എന്നല്ലേ അവസാനത്തെ അവരുടെ നീക്കം സൂചന തരുന്നത്. നന്നായി.

    പോസ്റ്റും നന്നായി, മാഷേ

    ReplyDelete
  3. തടിചിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്താലോ , വേണ്ട , ഞാന്‍ അകത്താകും

    അതേതായാലും നന്നായി.. ഹ ഹ ഹ..

    ReplyDelete